
രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. ഇന്ന് രാവിലെ 9.10 ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗമാണ് രാഷ്ച്രപതി ശബരിമലയിലേക്ക് തിരിക്കുക. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടർ ഇറങ്ങുക. നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയോടെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറുന്ന രാഷ്ട്രപതി, ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല.











